മുഹമ്മദ് ശമീം
(ഇത് ചെകുത്താന്റെ വേദപുസ്തകം എന്ന എന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ലേഖനമാണ്. രോഷാകുലരായ യുവതലമുറ, ഹിപ്പിയിസം, സൈക്കഡലിക് ആത്മീയത തുടങ്ങിയവ വിവരിക്കുമ്പോൾ അതിന് പശ്ചാത്തലമായിത്തീർന്ന സാമൂഹ്യ രാഷ്ട്രീയ മതാവസ്ഥകളെ അതിൽ വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ആ പശ്ചാത്തലങ്ങളോട് സംവദിക്കുകയും അവയെ തുറന്നു കാട്ടുകയും ചെയ്യുന്ന കലാസാഹിത്യരംഗത്തെ സൃഷ്ടികളെയും.
അതിൽ പ്രധാനപ്പെട്ട ഒരധ്യായമാണ് ചാർലി ചാപ്ലിന്റെ (Charles Chaplin) മൂന്ന് സിനിമകളെക്കുറിച്ച പഠനം. അത് മെറ്റഫറിൽ പ്രസിദ്ധീകരിക്കുകയാണ്).
നശീകരണത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും ചരിത്രത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് ചാപ്ലിന്റെ മൂന്ന് സിനിമകളെ വായിക്കാം. 1936ൽ നിര്‍മിച്ച Modern Times, 1940ൽ നിര്‍മിച്ച The Great Dictator, 1947ലെ സിനിമയായ Monsieur Verdoux എന്നിവയാണ് അവ. വ്യവസായവിപ്ലവത്തെത്തുടര്‍ന്നുണ്ടായ യന്ത്രവല്‍ക്കരണം മനുഷ്യനെ എത്രത്തോളം യന്ത്രമാക്കി മാറ്റി എന്നതിനെയും അത് മനുഷ്യബന്ധങ്ങളെ എപ്രകാരം ബാധിച്ചു എന്നതിനെയും കുറിച്ച അന്വേഷണമാണ് മോഡേൺ ടൈംസ്. അഡനോയ്ഡ് ഹെങ്കൽ എന്ന കഥാപാത്രത്തിലൂടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്വരൂപത്തെ ഹാസ്യാത്മകമായി വരച്ചു കാട്ടുന്ന ഗ്രേറ്റ് ഡിക്ടേറ്റർ ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങളെക്കുറിച്ച സത്യവാങ്മൂലമാണ്. മൊസ്യു വെര്‍ദൂവാകട്ടെ, മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ജീവിതതത്വങ്ങളെയും ജീവിതശീലങ്ങളെയുമാണ് അടയാളപ്പെടുത്തുന്നത്.
തന്റെ പതിവ് tramp കഥാപാത്രത്തിലൂടെയാണ് മോഡേൺ ടൈംസിൽ ചാപ്ലിൻ സഞ്ചരിക്കുന്നതെങ്കിൽ അഡനോയ്ഡ് ഹെങ്കലിന്റെയും അയാളുടെ സാമ്രാജ്യത്തിലെ ഘെറ്റോവാസിയായ യൂദ ബാര്‍ബറുടെയും ഇരട്ടവേഷങ്ങളാണ് ഗ്രേറ്റ് ഡിക്ടേറ്ററിൽ അവതരിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ മാന്യനും പ്രകൃതം കൊണ്ട് മനുഷ്യസ്‌നേഹിയുമെങ്കിലും കച്ചവടത്തിൽ ഈ മാന്യതയെയും സ്‌നേഹത്തെയും മറികടക്കുന്ന കുശാഗ്രബുദ്ധിയാണ് മൊസ്യു വെര്‍ദൂ. ഹാസ്യാത്മകമായ പ്രകടനങ്ങളിലൂടെയാണ് മോഡേൺ ടൈംസും ഗ്രേറ്റ് ഡിക്ടേറ്ററും മുന്നോട്ട് പോവുന്നത്. വെര്‍ദൂവാകട്ടെ, ആഴമുള്ള നര്‍മരംഗങ്ങളും സംഭാഷണങ്ങളും ഉള്ളതോടൊപ്പം തന്നെ അല്‍പം കൂടി ഗൗരവത്തിലാണ് ചലിക്കുന്നത്. മൂകാഭിനയത്തിന്റെ കലാകാരൻ എന്ന് സ്വയം വിശേഷിപ്പിച്ച, സിനിമയിൽ ഡയലോഗിന്റെ പ്രസക്തിയെത്തന്നെ ഒരു ഘട്ടത്തിൽ നിരാകരിച്ചിരുന്ന, ചാപ്ലിന്റെ ഈ മൂന്ന് സിനിമകളും പക്ഷേ, ശബ്ദം ഉപയോഗിക്കുന്നുണ്ട്. മോഡേൺ ടൈംസിൽ ഭാഗികമായി മാത്രം. ഗ്രേറ്റ് ഡിക്ടേറ്ററിൽ ഏതാണ്ട് പൂര്‍ണമായി, മൊസ്യു വെര്‍ദൂവിൽ സമ്പൂര്‍ണമായും.
യന്ത്രങ്ങളും ആട്ടിന്‍പറ്റവും
മോഡേൺ ടൈംസിന്റെ തുടക്കത്തില്‍ത്തന്നെ ഒരു ടൈറ്റിൽ കാഡ് കാണാം. ‘A story of industry, of individual enterprise -the humanity crusading in the pursuit of happiness’. അതോട് ചേര്‍ത്തുവെക്കുന്ന ദൃശ്യമാകട്ടെ, ആട്ടിത്തെളിച്ചു കൊണ്ടുവരപ്പെടുന്ന ചെമ്മരിയാട്ടിൻ പറ്റവും പിന്നെ സബ്‌വേയിലൂടെ ഫാക്ടറിയിലേക്ക് നടക്കുന്ന തൊഴിലാളികളും. വ്യാവസായിക മുതലാളിത്തം അധ്വാനിക്കുന്ന മനുഷ്യനെ എപ്രകാരമാണ് പരിചരിച്ചത് എന്നതിന്റെ സൂക്ഷ്മമായ ആവിഷ്‌കാരം. മുപ്പതുകളിലെ തൊഴില്‍ക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ചാപ്ലിൻ കഥ പറയുന്നത്. മനുഷ്യന്റെ സ്ഥാനം യന്ത്രങ്ങൾ ഏറ്റെടുത്തതോടെ ജീവിതത്തിൽ അതുണ്ടാക്കുന്ന ദുരന്തം തൊഴില്‍രാഹിത്യത്തിന്റെ രൂപത്തിൽ അനുഭവിക്കുകയാണ്. തന്റെ കാലത്തെ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളിൽ അങ്ങേയറ്റം ഉദ്വേഗിയായ ഒരു കലാകാരനെയാണ് ചാപ്ലിന്റെ സിനിമകളിൽ പൊതുവേ തന്നെ നാം കാണുക.
തൊഴില്‍ശാലയിൽ രണ്ട് സ്പാനറുകളുമായാണ് ചാപ്ലിൻ അവതരിപ്പിക്കുന്ന തൊഴിലാളി കഥാപാത്രം നിലകൊള്ളുന്നത്. കണ്‍വേയർ ബെല്‍റ്റിലൂടെ ശീഘ്രം സഞ്ചരിക്കുന്ന ഉല്‍പന്നത്തിന്റെ ബോള്‍ട്ടുകൾ മുറുക്കുക എന്നതാണ് അയാള്‍ക്ക് ചെയ്യാനുള്ള ജോലി. അതിനപ്പുറം മറ്റൊന്നും അയാള്‍ക്കറിയില്ല, ശ്രദ്ധിക്കാൻ സമയവുമില്ല. അതിനിടയിൽ സ്വയമേവ, യാന്ത്രികമായി തൊഴിലാളികളെ ഫീഡ് ചെയ്യുന്ന -തൊഴിലിനിടയിൽ അവർ ഭക്ഷണത്തിനെടുക്കുന്ന സമയം കൂടി ലാഭിക്കാന്‍- യന്ത്രത്തിന്റെ പരീക്ഷണത്തിന് ഗിനിപ്പന്നിയായി ഇരുന്നു കൊടുക്കേണ്ടിയും വന്നു അയാള്‍ക്ക്.
തിരികെ സ്പാനറുമായി തന്റെ സ്ഥലത്തേക്ക് വന്നതോടെ അയാൾ ഉന്മാദിയായി മാറുന്നു. സ്പാനറുമായി അയാൾ കാട്ടുന്ന വിക്രിയകൾ ദോഷൈകഫലിതമായി (dark humor, cynical humor) നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു. ഒടുക്കം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണ് അയാള്‍. ആശുപത്രിയിൽ നിന്നിറങ്ങിയ അയാൾ തന്റെ മുന്നിലൂടെ കടന്നുപോയ ട്രക്കിൽ നിന്നും താഴേക്ക് വീണ ചുവന്ന കൊടി കൈയിലെടുത്തു. അതുകണ്ട തൊഴിലാളി പ്രക്ഷോഭകർ അയാളെ തങ്ങളുടെ നേതാവാക്കി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
ജയിലിൽ നിന്ന് പുറത്തുവന്ന അയാൾ അനാഥയായ ഒരു പെണ്‍കുട്ടിയുമായി അടുത്തു. അവരൊത്തുചേര്‍ന്നുള്ള രസകരമായ സാഹസങ്ങളുടെ ദൃശ്യങ്ങളാണ് പിന്നെ. ചാപ്ലിന്റെ പല ചിത്രങ്ങളിലുമെന്ന പോലെ വില്ലനായ പൊലീസിന്റെ സാന്നിധ്യം ഇതിലുമുണ്ട്. പൊലീസിൽ നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങളും.
വ്യവസായമുതലാളിത്തത്തിന്റെ ദാക്ഷിണ്യമില്ലാത്ത സമ്പ്രദായത്തെ അത്രതന്നെ ദാക്ഷിണ്യരഹിതമായി പരിഹസിക്കുന്ന മോഡേൺ ടൈംസ് സൂക്ഷ്മതലത്തിൽ മാര്‍ക്‌സിയൻ തത്വശാസ്ത്രത്തെ പിന്തുടരുന്നുണ്ട്. തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളും അതിലെ വൈരുധ്യങ്ങളും തൊഴില്‍ക്കുഴപ്പങ്ങളുമൊക്കെ ആ രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതേസമയം കമ്യൂനിസ്റ്റ് പ്രക്ഷോഭകരും ചാപ്ലിന്റെ പരിഹാസം ഏറ്റുവാങ്ങുന്നുണ്ട്. ട്രക്കിൽ നിന്നും താഴെ വീണ കൊടി കൈയിൽ പിടിച്ചു നില്‍ക്കുന്ന തൊഴിലാളിയെ അവർ തങ്ങള്‍ക്കൊപ്പം കൂട്ടുന്ന രംഗം ഉദാഹരണം.
യന്ത്രവല്‍ക്കരണം യഥാര്‍ത്ഥത്തിൽ വ്യക്തിയെ അമാനവീകരിക്കുകയാണ് (dehumanize) ചെയ്യുന്നത്. സ്വതന്ത്രമായ ചിന്തകളും വികാരങ്ങളുമൊക്കെ നഷ്ടപ്പെട്ട് വ്യക്തി ഒരു റോബോട്ടായി മാറുന്നു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് പോലും സ്പാനറുകൾ കൈയിലുള്ളത് പോലെ അംഗവിക്ഷേപം നടത്തുന്നുണ്ട് ചാപ്ലിന്‍. ഒപ്പം യന്ത്രത്തിന്റെ നിസ്സഹായതയും ഫീഡിങ് യന്ത്രത്തിന്റെ പരീക്ഷണദൃശ്യങ്ങളിൽ കാണാം. നിസ്സഹായമായിത്തീര്‍ന്ന യന്ത്രമാകട്ടെ, അതിനകത്തിരിക്കുന്ന തൊഴിലാളിയെ വരിഞ്ഞു മുറുക്കുകയാണ് ചെയ്യുന്നത്.
രണ്ട് ലോകങ്ങളുടെ കഥ
ചാര്‍ലി ചാപ്ലിന്റെയും അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ചരിത്രങ്ങൾ ചേര്‍ത്തുവെക്കുമ്പോൾ രസകരങ്ങളായ ചില സാദൃശ്യങ്ങൾ ഐറണികൾ പോലെ അനുഭവപ്പെടും. ഒന്നാമത്, ഇവർ തമ്മിലുള്ള രൂപസാദൃശ്യമാണ്. ചാപ്ലിന്റെ മിക്ക ചിത്രങ്ങളിലെയും മുറിമീശക്കാരൻ ഊരുതെണ്ടിയുടെ ഏതാണ്ട് അതേ മുഖമാണ് ഹിറ്റ്‌ലര്‍ക്കും. രണ്ടാള്‍ക്കും ഉയരവും കുറവ്. മറ്റൊന്നുള്ളത് രണ്ടുപേരുടെയും ജനനം ഒരേവര്‍ഷം ഒരേമാസം വെറും നാല് ദിവസത്തിന്റെ വ്യത്യാസത്തിലാണെന്നുള്ളതാണ്. 1889 ഏപ്രിൽ 16നാണ് ചാപ്ലിൻ ജനിച്ചതെങ്കിൽ ഹിറ്റ്‌ലറുടെ ജന്മദിനം 20ന്. എന്നാൽ ഒന്നാമൻ ലോകമെങ്ങും ഏറ്റവും പ്രിയങ്കരരായ വ്യക്തികളിലൊരാളായി സ്വീകരിക്കപ്പെട്ടുവെങ്കിൽ രണ്ടാമൻ ഏറെ വെറുക്കപ്പെടുന്ന ആളായും മാറി.

ചരിത്രത്തിലെ ഈ ഐറണി തന്നെയാവാം ചിത്രത്തിൽ ചാപ്ലിൻ തന്നെ അവതരിപ്പിക്കുന്ന ഇരട്ടവേഷങ്ങളും. രണ്ട് ലോകങ്ങളെത്തന്നെയാണ് ഹിറ്റ്‌ലറും ചാപ്ലിനും പ്രതിനിധീകരിക്കുന്നത്. തൊമെയ്‌നിയ എന്ന രാജ്യത്തെ രണ്ട് ലോകങ്ങളുടെയും ആ ലോകങ്ങൾ തമ്മിലുള്ള സങ്കീര്‍ണവും വിരുദ്ധവുമായ ബന്ധങ്ങളുടെയും ഏറ്റുമുട്ടലിന്റെയും കഥയാണ് ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍. ഒരു കൊട്ടാരവും ഒരു ഘെറ്റോയുമാണ് രണ്ട് ലോകങ്ങള്‍. അഡനോയ്ഡ് ഹെങ്കൽ എന്ന സ്വേഛാധിപതിയുടെ ലോകമാണ് കൊട്ടാരം. ഘെറ്റോയിലെ പ്രധാനകഥാപാത്രമാകട്ടെ, നേരത്തേ തൊമെയ്‌നിയൻ സൈന്യത്തിൽ ഒരു സാധാരണ ഭടനായിരുന്ന, പിന്നീട് തന്റെ ആദ്യതൊഴിലിലേക്ക് തന്നെ തിരിച്ചുവന്ന യൂദ ബാര്‍ബറും. രണ്ട് വേഷവും ചാപ്ലിൻ തന്നെയാണ് ചെയ്യുന്നതെന്ന് പറഞ്ഞല്ലോ. ഈ രണ്ട് ലോകങ്ങളുടെ ചിത്രീകരണത്തിലൂടെ നന്മ തിന്മകൾ തമ്മിലുള്ള പോരിന്റെ കഥയും ചാപ്ലിൻ അനാവരണം ചെയ്യുന്നു. അതായത് ബാര്‍ബറും ഏകാധിപതിയും രണ്ട് പ്രതിനിധാനങ്ങളാണ്. ആദ്യത്തെയാൾ ഘെറ്റോവാസിയായ ഉല്‍കൃഷ്ടമനുഷ്യന്‍. രണ്ടാമത്തെയാൾ കൊട്ടാരവാസിയായ അധമനും.
മോഡേൺ ടൈംസ് പോലെത്തന്നെ ഹാസ്യാത്മകമാണ് ഗ്രേറ്റ് ഡിക്ടേറ്ററും. എന്നാൽ പിന്നീട് തന്റെ ആത്മകഥയിൽ ചാപ്ലിൻ ഇപ്രകാരം പറയുന്നുണ്ട്. “ജര്‍മൻ കോണ്‍സന്‍ട്രേഷൻ കാമ്പുകളുടെ യഥാര്‍ത്ഥ ഭീകരത ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ദ് ഗ്രേറ്റ് ഡിക്ടേറ്റർ എന്ന സിനിമ ഞാൻ ചെയ്യുമായിരുന്നില്ല. നാസികളുടെ നരഹത്യാഭാന്തിനെ (the homicidal insanity of the Nazis) ഹാസ്യത്തിലൂടെ ചിത്രീകരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.”
അതേസമയം ഒരുപക്ഷേ, ഹാസത്തെക്കാൾ ശക്തിയുള്ള സാമൂഹികവിമര്‍ശമില്ല. നാസി ഫാഷിസത്തിന്റെ എന്നതിനെക്കാൾ അഡോള്‍ഫ് ഹിറ്റ്‌ലർ എന്ന അധികാരരൂപത്തിന്റെ വ്യക്തിത്വത്തെ തീവ്രമായി അടയാളപ്പെടുത്തുന്ന ഒന്നാണ് ചാപ്ലിന്റെ സിനിമ.
തുടക്കത്തിൽ ഒരു ടൈറ്റിൽ കാഡ് ഇതിലും നാം കാണുന്നുണ്ട്. ‘This is a story of a period between two world wars -an interim in which insanity cut loose, liberty took a nose dive and humanity was kicked around somewhat’. രസകരമായ മറ്റൊരു കാര്യം കൂടി അതിന് മുന്നേ എഴുതിക്കാണിക്കുന്നുണ്ട്, ഒരു പ്രസ്താവന. ഹെങ്കൽ എന്ന ഏകാധിപതിയും ജൂയിഷ് ബാര്‍ബറും തമ്മിൽ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃഛികമാണ് എന്ന്. ഗ്രേറ്റ് ഡിക്ടേറ്റർ എന്ന സറ്റയറിക്കൽ ഐറണിയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഈ പ്രസ്താവന. സാധാരണയായി ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യഥാര്‍ത്ഥ വ്യക്തികളുമായുള്ള സാദൃശ്യങ്ങളെക്കുറിച്ചാണ് ഇത്തരം പ്രസ്താവനകൾ നടത്താറുള്ളത്. അതേസമയം ഇതിൽ സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ സാദൃശ്യമനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃഛികമായിരിക്കും എന്നാണ് കാണിക്കുന്നത്.
ഈ ടൈറ്റിൽ കാഡിന് ശേഷം വരുന്ന, തൊമെയ്‌നിയക്ക് വേണ്ടി ഒന്നാം ലോകയുദ്ധത്തിൽ പൊരുതിക്കൊണ്ടിരിക്കുന്ന ജൂയിഷ് ബാര്‍ബറുടെ ഹാസ്യാത്മകമായ ചിത്രീകരണം, യുദ്ധത്തെക്കുറിച്ച പരിഹാസമാണ്. ഒന്നാം ലോകയുദ്ധത്തെക്കുറിച്ച, Shoulder Arms എന്ന ചാപ്ലിൻ കോമഡിയിലും ഈ പരിഹാസം വരുന്നുണ്ട്. യുദ്ധത്തിന്റെ ഭീകരതയെയും നശീകരണോദ്വേഗങ്ങളുടെ അര്‍ത്ഥരാഹിത്യത്തെയും അനുഭവിപ്പിക്കുന്നതാണ് പട്ടാളക്കാരനായ ബാര്‍ബറുടെ വെടിവെപ്പും ചീറ്റിപ്പോകുന്ന വെടിയുണ്ടയും അവിചാരിതമായുള്ള അതിന്റെ പൊട്ടിത്തെറിയും കീഴ്‌മേൽ മറിയുന്ന വിമാനവുമൊക്കെ.
ഒന്നാം ലോകയുദ്ധത്തിൽ തുടങ്ങിയ സിനിമ രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തിലേക്ക് കടന്നുകൊണ്ടാണ് അവസാനിക്കുന്നത്. ഹെങ്കലിന്റെ പ്രഭാഷണമാണ് അവസാനത്തില്‍. എന്നാൽ രൂപസാദൃശ്യം നിമിത്തം അധികാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ബാര്‍ബറാണ് യഥാര്‍ത്ഥത്തിൽ പ്രഭാഷണം നടത്തുന്നത്.
പക്ഷേ, ഈ പ്രഭാഷണം സത്യത്തിൽ ഒരു കഥാപാത്രത്തിന്റേതല്ല. മറിച്ച് ചാപ്ലിൻ തന്നെ നടത്തുന്ന ഒന്നാണ്. കഥപറയുന്നയാളെത്തന്നെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണല്ലോ അത്. സമാധാനത്തിനും സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള ആഹ്വാനവും പ്രതിജ്ഞയുമാണ് അത്.
ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ രംഗം വീര്‍പ്പിച്ച ഒരു ബലൂൺ ഗ്ലോബുമായി ഏകാധിപതിയായ ഹെങ്കൽ ഡാന്‍സ് ചെയ്യുന്നതാണ്. ലോകം തന്നെ കൈപ്പിടിയിലൊതുക്കിയ മട്ടിൽ ഇരുകൈകൾ കൊണ്ടും ഇടയ്ക്ക് ചന്തി കൊണ്ടും ഗ്ലോബെടുത്തമ്മാനമാടുന്ന ഈ രംഗം ഏകാധിപതിയുടെ സ്വപ്‌നത്തിന്റെ പ്രതീകാത്മകചിത്രണമാണ്. തകര്‍ത്താടുന്ന ഒപേരയുടെ ക്ലൈമാക്‌സിൽ അയാളുടെ കൈകള്‍ക്കുള്ളിൽ ആ ഗ്ലോബ് പൊട്ടിപ്പോവുകയും ചെയ്തു. നിശ്ശബ്ദസിനിമകളിലെ ചാപ്ലിൻ കോമഡികളുടെ മട്ടിലാണ് ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്.
യൂദന്മാരോടുള്ള ഹിറ്റ്‌ലറുടെ വംശീയവിരോധം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഫാഷിസത്തിന്റെ മറ്റ് ദാര്‍ശനികമാനങ്ങളിലേക്കൊന്നും ചാപ്ലിൻ കടക്കുന്നില്ല. എന്നാല്‍പ്പോലും വംശീയതയും കേന്ദ്രീകൃതാധികാരങ്ങളും ഈ ലോകത്ത് എവ്വിധം പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍.
ഒരു പരമ്പരക്കൊലയാളിയുടെ തത്വശാസ്ത്രം
കൊലപാതകങ്ങളെക്കുറിച്ച കോമഡി (a comedy of murders) എന്ന് സംവിധായകൻ തന്നെ വിശേഷിപ്പിച്ചിട്ടുള്ള മൊസ്യു വെര്‍ദൂ എന്ന സിനിമയെ allegory on capitalism (മുതലാളിത്തത്തെക്കുറിച്ച അന്യാപദേശം) എന്നും വിളിക്കാം. ചാര്‍ലി ചാപ്ലിന്റെ സിനിമകളിൽ ഏറ്റവുമധികം ദാര്‍ശനിക തീവ്രത അനുഭവപ്പെടുന്നത് ഇതിലാണ്. പണത്തിന് വേണ്ടി ധനികവിധവകളെ വിവാഹം ചെയ്ത ശേഷം കൊന്നുകളയുന്ന ഹെന്റി ലാന്‍ഡ്രു എന്നയാളുടെ യഥാര്‍ത്ഥ കഥയിൽ നിന്നാണ് ഈ ചിത്രത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടത് എന്ന് പറയപ്പെടുന്നു. ലാന്‍ഡ്രുവിന്റെ സ്ഥാനത്താണ് ചാപ്ലിൻ തന്നെ അവതരിപ്പിക്കുന്ന ഹെന്റി വെര്‍ദൂ (ലാന്‍ഡ്രുവിന്റെയും വെര്‍ദൂവിന്റെയും ഫസ്റ്റ് നെയിം ഒന്നു തന്നെ) എന്ന വ്യവസായി.
കൊലപാതകങ്ങളുടെ സാമൂഹ്യമനശ്ശാസ്ത്രത്തെ അന്വേഷിക്കുകയാണ് ചലച്ചിത്രകാരന്‍. വെര്‍ദൂ വെറുമൊരു കൊലയാളിയല്ല. ഒരു സോഷ്യോപ്പതിക് സീരിയൽ കില്ലർ എന്ന് അയാളെ വിശേഷിപ്പിക്കാം. സാമൂഹികവിരുദ്ധമായ വ്യക്തിത്വഭ്രംശം സംഭവിച്ച ആളെയാണ് (a person with an antisocial personality disorder) സോഷ്യോപാത് (sociopath) എന്ന് പറയുക. അതേസമയം വ്യക്തികളിൽ ഇങ്ങനെയൊരു അപഭ്രംശം ഉണ്ടാകുന്നതില്‍, ചിലരുടെ കാര്യത്തിലെങ്കിലും സാമൂഹ്യക്രമം (social system) വലിയ പങ്ക് വഹിക്കുന്നുണ്ട്. അനൈതികവും അധാര്‍മികവുമായ ഒരു സാമൂഹ്യക്രമം ഒരു വ്യക്തിയിൽ അപഭ്രംശം ഉണ്ടാക്കുന്നതെങ്ങനെ എന്നത് കൂടിയാണ് ചാപ്ലിന്റെ പ്രമേയം. ഇതാണ് മൊസ്യു വെര്‍ദൂ എന്ന സിനിമയെ മുതലാളിത്തത്തെക്കുറിച്ച അലിഗറി ആക്കി മാറ്റുന്നത്.
ഒരു മനുഷ്യൻ എന്ന നിലക്ക് നല്ലവനാണ് വെര്‍ദൂ. ഒരപകടത്തിൽ അരയക്ക് താഴെ തളര്‍ന്ന് ചക്രക്കസേരാവലംബിനിയായി അല്‍പം വിദൂരത്തുള്ള അയാളുടെ ഗ്രാമത്തിൽ ജീവിക്കുന്ന ഭാര്യയെ അയാൾ ഉള്ളറിഞ്ഞു സ്‌നേഹിക്കുന്നു. വാല്‍സല്യനിധിയായ പിതാവുമാണ്. ഒരിക്കൽ മകനെ അവൻ പൂച്ചയുടെ വാലിൽ പിടിച്ചു വലിച്ചു കളിക്കുന്നത് കണ്ട് ജീവികളോടുള്ള കരുണയെസ്സംബന്ധിച്ചുപദേശിച്ചുകൊണ്ട് അയാൾ ശാസിക്കുന്നുമുണ്ട്. Remember, violence begets violence (ഓര്‍ക്കുക, ഹിംസ ഹിംസയെ പ്രസവിക്കുന്നു) എന്നാണ് അയാളുടെ സിദ്ധാന്തം. നിലത്തിഴഞ്ഞുപോകുന്നതായി കണ്ട ഒരു പുഴുവിനെ ചവിട്ടിപ്പോകാതിരിക്കാൻ വേണ്ടി സൂക്ഷിച്ചെടുത്ത് ഒരിലയ്ക്ക് മേൽ വെക്കുന്നുണ്ടയാള്‍. ഒരു പുഴുവിന്റെ ജീവന്റെ കാര്യത്തില്‍പ്പോലും ജാഗരൂകനായ വെര്‍ദൂവാണ് അതേസമയം തന്നെ മനുഷ്യരെ കൊല്ലുന്ന ഒരു സീരിയൽ കില്ലറും ആയിരിക്കുന്നത്.

മനുഷ്യന്റെ അടിസ്ഥാനപ്രകൃതം നന്മയാണ് എന്നത് മതങ്ങളുടെ ആദിമസിദ്ധാന്തങ്ങളില്‍പ്പെട്ടതാണ്. കങ് ഫ്യൂചിസിന്റെ (Confucius) തത്വചിന്തയുടെ പ്രധാന അടിസ്ഥാനം തന്നെ അതാണ്. അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആനും അത് പറഞ്ഞിട്ടുണ്ട്. ഈ പ്രകൃതത്തിൽ നിന്ന് മനുഷ്യനെ തെറ്റിക്കുന്നതിൽ സാമൂഹ്യവ്യവസ്ഥയും പിതുരധികാരവും വഹിക്കുന്ന പങ്കിനെയും കങ് ഫ്യൂ ചിസും മുഹമ്മദ് നബിയും പരാമര്‍ശിക്കുന്നുണ്ട്. ഫ്രഞ്ച് ജ്ഞാനോദയ കാലത്ത് (ലൂയി പതിനാലാമന്റെ മരണമുണ്ടായ 1715 മുതൽ ഫ്രഞ്ച് വിപ്ലവം ആരംഭിച്ച 1789 വരെയുള്ള കാലമാണ് ഫ്രഞ്ച് ജ്ഞാനോദയകാലമായി വിശേഷിപ്പിക്കപ്പെടുന്നത്) ഴോങ് ഴാക് റൂസ്സോയുടെ (Jean-Jacques Rousseau) സിദ്ധാന്തവും നൈസര്‍ഗികമായ നന്മ എന്ന ആശയത്തിലാണ് മുഖ്യമായും ഊന്നിയിരുന്നത്.
യുക്തിയുടെ യുഗമാണ് ജ്ഞാനോദയകാലം. മനുഷ്യയുക്തി പ്രകൃതിയുടെ വരദാനമാണ് എന്ന് ജ്ഞാനോദയകാലത്തെ തത്വചിന്തകർ അഭിപ്രായപ്പെട്ടു. നാം പ്രകൃതിയിലേക്ക് മടങ്ങണം എന്ന് റൂസ്സോ ആഹ്വാനം ചെയ്തു. എന്നാൽ പ്രകൃതി നന്മയാണ്, ആകയാൽ മനുഷ്യനും പ്രകൃത്യാ നല്ലവൻ തന്നെ. നാഗരികതയാണ് അവനെ നശിപ്പിക്കുന്നത്. പ്രാകൃതരെന്ന് വിളിക്കപ്പെടുന്ന ആദിമഗോത്രവര്‍ഗക്കാർ യൂറോപ്യരെക്കാൾ സന്തുഷ്ടരും ആരോഗ്യവാന്മാരുമാണ്. അതിന്റെ കാരണം അവർ അനാഗരികരായിരുന്നു എന്നതാണ്.
റൂസ്സോയുടെ വീക്ഷണത്തിൽ മനുഷ്യശിശുവിനെ അവന്റെ പ്രകൃത്യായുള്ള നിഷ്‌കളങ്കാവസ്ഥയിൽ പരമാവധി കാലം കഴിയാനനുവദിച്ചാൽ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
മൊസ്യു വെര്‍ദൂ എന്ന മനുഷ്യനെ ഒരു സോഷ്യോപാത് ആക്കി മാറ്റുന്ന സാമൂഹികഘടകങ്ങൾ ചാപ്ലിന്റെ ഈ സിനിമയിൽ കണ്ടെത്താം. വെര്‍ദൂവിന്റെ ശവകുടീരത്തിൽ നിന്ന് തുടങ്ങുന്ന സിനിമ ആ ശവകുടീരത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ കഥയാണ് പറയുന്നത്.
സിസ്റ്റെയിൻ ചപ്പലിലെ ബൈബിൾ ചിത്രങ്ങൾ വരച്ച മീഖേൽ ആഞ്ജലോയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടല്ലോ. ഉണ്ണിയേശുവിന് മോഡലായി അതീവനിഷ്‌കളങ്കഭാവമുള്ള ഒരു കുഞ്ഞിനെ അദ്ദേഹം പോപ്പിന്റെ സഹായത്തോടെ കണ്ടെത്തി. കൊല്ലങ്ങള്‍ക്ക് ശേഷം ആ ചിത്രപരമ്പരയിൽ അവസാനത്തെ അത്താഴം ചിത്രീകരിക്കുമ്പോൾ ഒറ്റുകാരനായ യൂദായ്ക്ക് മോഡലായി മുഖത്ത് ക്രൂരഭാവം തെളിഞ്ഞു നില്‍ക്കുന്ന ഒരു കൊടും കുറ്റവാളിയെയും ജയിലറകളിൽ നിന്ന് തെരഞ്ഞെടുത്തു. സത്യത്തിൽ രണ്ടും ഒരാൾ തന്നെയായിരുന്നു.
വിധവകളും ധനികകളുമായ തെല്‍മ, ഗ്രോസ്‌നെ, ലിഡിയ, അനബെൽ എന്നിവരെയാണ് വെര്‍ദൂ വിവാഹം കഴിക്കുന്നത്. സമര്‍ത്ഥമായി ഓരോരുത്തരെയും യമപുരിക്കയച്ച ശേഷം (ലിഡിയയെയും സംശയിച്ച് പിന്തുടര്‍ന്നെത്തുന്ന ഇന്‍സ്‌പെക്ടറെയും വിഷം കൊടുത്ത് കൊല്ലുന്നത് മാത്രമേ നാം കാണുന്നുള്ളൂ, അനബെല്ലിനെ വധിക്കാനുള്ള ശ്രമമാകട്ടെ, വിജയിക്കുന്നില്ല താനും) അവരിൽ നിന്ന് കിട്ടുന്ന സമ്പത്ത് ഷെയർ മാര്‍ക്കറ്റിൽ നിക്ഷേപിച്ചാണ് അയാൾ വ്യവസായിയും മാന്യനുമാകുന്നത്. എന്നാൽ കാര്യങ്ങളൊന്നും ആരും കരുതുന്നതു പോലെ ശാശ്വതമൊന്നുമല്ല എന്ന സന്ദേശവും നല്‍കുന്നുണ്ട് ചാര്‍ലി ചാപ്ലിൻ എന്ന ചലച്ചിത്രകാരന്‍. യൂറോപ്പും മുതലാളിത്തവും നേരിട്ട സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ക്കുഴപ്പങ്ങള്‍, സ്റ്റോക് മാര്‍ക്കറ്റിന്റെ തകര്‍ച്ച, ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും അധികാരാരോഹണം തുടങ്ങിയവ വെര്‍ദൂവിന്റെ ജീവിതത്തെ ആകെ തകിടം മറിച്ചു. ബിസിനസ്സിലുണ്ടായ ഈ തിരിച്ചടികള്‍ക്ക് സമാന്തരമായി, നാട്ടിലെ ‘യഥാര്‍ത്ഥ’ ഭാര്യയും കുട്ടിയും മരിക്കുന്നതോടെ വ്യക്തിജീവിതവും ദുരന്തമായിത്തീര്‍ന്നു. അതിനിടയിൽ അയാൾ പിടിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
തുടക്കത്തിലെ വെര്‍ദൂവിന്റെ ശവകുടീര രംഗത്ത് അയാളുടെ ശബ്ദം സ്വയം പരിചയപ്പെടുത്തുന്നത് നാം കേള്‍ക്കുന്നു. 1930കളെലെ സാമ്പത്തികമാന്ദ്യം വരെ മുപ്പത് കൊല്ലത്തോളം താൻ ഒരു ബാങ്ക് ഗുമസ്തനായി ജീവിച്ചിരുന്നു എന്നയാൾ പറയുന്നു. പിന്നീട് തൊഴില്‍രഹിതനായിത്തീര്‍ന്നു. അതിന് ശേഷമാണ് ബിസിനസ്സുകാരനായതെന്നും.
പ്രത്യക്ഷത്തിൽ ഒരു ഫര്‍ണിച്ചർ വ്യാപാരിയാണ് മൊസ്യു വെര്‍ദൂ. എന്നാൽ വിവാഹം ചെയ്ത് വധിച്ചുകളയുന്ന വിധവകളുടെ പണം ഷെയർ മാര്‍ക്കറ്റിൽ നിക്ഷേപിച്ചാണ് അയാൾ സമ്പന്നനാകുന്നത്. ഈ വിധവകളും അയാളുടെ യഥാര്‍ത്ഥ ഭാര്യയുമൊഴിച്ചാൽ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രം ഇതിലുള്ളത് ഒരു തെരുവു പെണ്‍കുട്ടിയാണ്. താൻ പുതുതായി നിര്‍മിച്ച വിഷം പരീക്ഷിക്കാൻ വേണ്ടി അയാൾ അകത്തേക്ക് വിളിച്ചു കൊണ്ടുവന്നതാണവളെ. അതേസമയം അവൾ അയാളെ ജീവിതത്തെപ്പറ്റി അയാളറിഞ്ഞിട്ടില്ലാത്ത പലതും പഠിപ്പിക്കുന്നു. സ്‌നേഹത്തെപ്പറ്റി, കരുണയെപ്പറ്റി, ബന്ധങ്ങളെപ്പറ്റി അങ്ങനെയെല്ലാം.
അവളുടെ വര്‍ത്തമാനങ്ങൾ അയാളിൽ മാറ്റമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും അയാള്‍ക്കവളോട് ആദരം തോന്നുന്നുണ്ട്. അവളിൽ വിഷം പരീക്ഷിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ദയയെയും ഉദാരതയെയും പറ്റി അവൾ പറയുമ്പോള്‍, അയാളുടെ അഭിപ്രായം ബിസിനസ്സിൽ അതൊന്നും പ്രസക്തമല്ല എന്നാണ്. Business is a ruthless business (ദയാരഹിതമായ ഒരു വ്യവഹാരമാണ് കച്ചവടം) എന്നതാണ് അയാളുടെ പ്രമാണം.
അവസാനം പിടിക്കപ്പട്ടപ്പോൾ വിചാരണയിലാണ് അയാൾ സമൂഹത്തിന് നേരെ ചോദ്യങ്ങളെറിയുന്നത്. കച്ചവടത്തെയും കൊലപാതകത്തെയും ബന്ധപ്പെടുത്തുന്ന തന്റെ സിദ്ധാന്തം അയാൾ വിശദീകരിക്കുന്നതും അപ്പോൾ തന്നെ.
എന്തിനാണ് താൻ വിചാരണ ചെയ്യപ്പെടുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ന്യായാധിപനെയും വക്കീല്‍മാരെയും പൊലീസുകാരെയും മറ്റും നോക്കിക്കൊണ്ട് കോടതിയിൽ അയാൾ പറഞ്ഞു. സത്യത്തിൽ ഈയിരിക്കുന്നവരും താനും തമ്മിലുള്ള വ്യത്യാസം കൊലപാതകത്തിൽ അവരെയപേക്ഷിച്ച് താൻ ഒരു അമച്വർ മാത്രമായിരുന്നു എന്നതാണ്.

മുപ്പത് വര്‍ഷത്തോളം സ്വന്തം തലച്ചോർ സത്യസന്ധമായി വിനിയോഗിക്കുകയാണ് താൻ ചെയ്തത്. തന്റെ സത്യസന്ധതയും തലച്ചോറും ആര്‍ക്കും ആവശ്യമില്ലാതായിത്തീര്‍ന്ന ഘട്ടത്തിലാണ് താൻ കച്ചവടത്തിനിറങ്ങിയത്. കൊലപാതകം കച്ചവടമല്ല എന്ന വാദത്തിൽ അയാള്‍ക്ക് ചോദിക്കാനുള്ളത് ഈ ലോകം കൊലയെ പ്രോല്‍സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത് എന്നാണ്. കൂട്ടക്കൊലകളും യുദ്ധങ്ങളും ഉണ്ടാകണം എന്നാഗ്രഹിച്ചു കൊണ്ടല്ലേ ഒരാൾ ആയുധബിസിനസ്സിനിറങ്ങുന്നത്?
രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട ചില പത്രവാര്‍ത്തകൾ (Nazis bomb Spanish loyalists, Thousands of civilians killed എന്നത് ഉദാഹരണം) അതിന് തൊട്ടുമുന്നേ പ്രേക്ഷകൻ കാണുന്നുണ്ട് താനും.
ഇതേ ചോദ്യത്തോടെ ദേശീയതയെയും, ദേശീയതയുടെയും കൊളോണിയൽ ദേശീയ താല്‍പര്യങ്ങളുടെയും പേരിലുള്ള യുദ്ധങ്ങളെയും കൂടി പ്രതിക്കൂട്ടിൽ നിര്‍ത്തുന്നുണ്ട് മൊസ്യു ഹെന്റി വെര്‍ദൂ. മറ്റുള്ളവർ ബിസിനസ്സ് ചെയ്യുന്നത് താങ്കളെപ്പോലെ ആളെക്കൊന്നിട്ടല്ല എന്ന് വധശിക്ഷക്ക് തൊട്ടുമുമ്പ് തന്നോട് പറഞ്ഞ റിപ്പോര്‍ട്ടറോട് അയാൾ ഇപ്രകാരം പറഞ്ഞു: “ഓ, അവരങ്ങനെ ചെയ്യുന്നില്ലേ? യഥാര്‍ത്ഥത്തിൽ വൻ ബിസിനസ്സുകളുടെയൊക്കെ ചരിത്രമതാണ്. ഒരു കൊലപാതകം വില്ലനെ സൃഷ്ടിക്കുന്നു, എന്നാൽ ഒരുകോടി കൊലപാതകങ്ങൾ വീരനായകനെ സൃഷ്ടിക്കുന്നു. അക്കങ്ങളാണ് ഇവിടെ കൃത്യത്തെ പവിത്രീകരിക്കുന്നത്”.
രാജ്യതന്ത്രത്തിന്റെ യുക്തിസഹവും അനിവാര്യവുമായ വിപുലീരണമാണ് (extension) യുദ്ധം എന്ന രാഷ്ട്രീയ തത്വത്തിന്റെ ന്യായത്തിൽ വെര്‍ദൂ ചിന്തിക്കുന്നത് കച്ചവടത്തിന്റെ യുക്തിസഹവും അനിവാര്യവുമായ വിപുലീകരണമാണ് കൊലപാതകം എന്നാണ്.
ശരിക്കും ഈ സിനിമ ഈ സാമൂഹ്യവ്യവസ്ഥയോട് ചേര്‍ന്ന് നില്‍ക്കുന്ന മതത്തെയും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. സിനിമയുടെ രാഷ്ട്രീയ സംവാദം ഉണ്ടാകുന്നത് കോടതിമുറിയിലായിരുന്നെങ്കിൽ തടവുമുറിയില്‍ അന്ത്യകൂദാക്കും കുമ്പസാരത്തിനുമായി തന്നെ സന്ദര്‍ശിക്കുന്ന പാതിരിയുമായുള്ള വര്‍ത്തമാനത്തിലാണ് ഇതിന്റെ മതനിലപാടുകൾ വരുന്നത്. താങ്കള്‍ക്കു വേണ്ടി എനിക്കെന്ത് ചെയ്യാനാകും എന്ന് പാതിരിയോടയാൾ ചോദിക്കുന്നു.
കഴിയുമെങ്കിൽ ദൈവവുമായി സന്ധിയിലെത്താൻ വെര്‍ദൂവിനെ സഹായിക്കാനാണ് താൻ വന്നതെന്നായി പുരോഹിതന്‍.
അതിന് ദൈവവുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലല്ലോ എന്ന് വെര്‍ദൂവിന്റെ വാദം. ദൈവവുമായി താൻ രമ്യതയിലാണ്. മനുഷ്യനുമായാണ് തന്റെ സംഘട്ടനം.
അപ്പോൾ സ്വന്തം പാപങ്ങളെപ്പറ്റി തെല്ലും പശ്ചാത്താപം തോന്നുന്നില്ലേ എന്ന് ഇടയ്ക്ക് പാതിരി ചോദിച്ചപ്പോൾ സത്യത്തിൽ പാപം എന്താണെന്ന് ആര്‍ക്കാണ് അറിയുക എന്ന മറുചോദ്യം വെര്‍ദൂവിന്റെ വക. മാത്രവുമല്ല, പാപമില്ലെങ്കിൽ പുരോഹിതന് ജോലിയില്ലാതാവില്ലേ എന്ന് മിതമായ ഒരു പരിഹാസവും.
അതേസമയം ശുഭാപ്തിവിശ്വാസത്തിന്റേതായ ഒരു തലം ഈ ചിത്രത്തിൽ കാണാൻ നമുക്ക് പറ്റുന്നില്ല.