അർത്ഥം നഷ്ടപ്പെട്ടുപോയ അക്ഷരങ്ങൾ

മുഹമ്മദ് ശമീം

മൈത്രേയന്റെ ജീവിതവും തീവണ്ടിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.

അഭേദ്യമായ ബന്ധം, അങ്ങനെയൊന്നുണ്ടോ? ബന്ധങ്ങൾ എന്നത് ഒരു യുക്തിപദ്ധതിയാണ്. അതുപോലൊരു പദ്ധതിയാണ് ഭാഷയും. അന്തിമമായി ഒരക്ഷരം എന്നത് ഒരു ശബ്ദം മാത്രമാണ്. അക്ഷരങ്ങളെ കോർത്താണ് നാം വാക്കുകളുണ്ടാക്കുന്നത്. അതാകട്ടെ, ശബ്ദങ്ങളുടെ ഒരു സംയോജനം, ഒരു മിശ്രണം മാത്രമാണ്. ഈ സംയോജനം ഒരു ശബ്ദബിംബമായാണ് (auditory image) കർണപുടത്തില്‍ പതിയുന്നത്. പരിചിതമായ ഒരു ദൃശ്യബിംബത്തോട് (visual image) അതിനെ ചേര്‍ത്തുവെക്കുന്നത് ഭാഷ എന്ന യുക്തിപദ്ധതിയുടെ ഒരു തീർപ്പ് മാത്രമാണ്.

Sherrey and Prajith
ഷെറി ആദിമധ്യാന്തത്തിലെ നായകൻ പ്രജിത്തിനൊപ്പം

ദൃശ്യവും ശബ്ദവുമായ ഈ ബിംബങ്ങൾ എല്ലാവരുടെയും ഉള്ളിൽ ഉണർത്തുന്നത് ഒരേ പ്രതികരണമാണ് എന്ന് പോലും ഉറപ്പിക്കാൻ പറ്റില്ല. ചുവപ്പ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലുണരുന്ന ചുവപ്പ് ഒന്ന് തന്നെയാണോ?

അൽപം നീളമുള്ള ഒരു പേരാണ് ഷെറി തന്റെ പുതിയ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. കഖഗഘങചഛജഝഞടഠഡഢണതഥദധ…. മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടം.

കെട്ടഴിഞ്ഞു നിൽക്കുന്ന അക്ഷരങ്ങളുടെ കൂട്ടത്തിന് അർത്ഥമില്ല. ഭാഷ എന്ന യുക്തിയുടെ പുറത്ത് കടന്നാൽ ഈയക്ഷരങ്ങളെല്ലാം വെറും ശബ്ദങ്ങളോ ചിത്രങ്ങളോ മാത്രം. പരിചിതമായ ഏതെങ്കിലും ദൃശ്യബിംബത്തോട് ഈ ശബ്ദങ്ങളെ ചേർത്ത് വെക്കാനും പറ്റില്ല.

മൈത്രേയനെ നാം ആദ്യം കാണുന്നത് തന്നെ തീവണ്ടിക്കകത്താണ്. തീവണ്ടി തട്ടി മരിച്ചു എന്ന് കേട്ടുകേൾവിയുള്ള മൈത്രേയന്റെ തിരിച്ചവരവാണത്. എന്നാൽ അയാളുടെ ഭാര്യയും മക്കളും തീവണ്ടിക്ക് മുന്നിൽ ചാടിത്തന്നെ മരിച്ചതാണ്. അയാൾക്ക് ജാലവിദ്യ പഠിപ്പിച്ച ഉസ്താദിന്റെ ജീവിതാഭിലാഷമായിരുന്നു തീവണ്ടി മറയ്ക്കുക എന്നത്. ട്രെയിൻ വാനിഷിങ്. തീവണ്ടിയിൽ കയറി എങ്ങോ പോയതാണ് ഉസ്താദ്. ഒന്നല്ല മുഴുവതീവണ്ടികളും മറയ്ക്കണം എന്നാണ് മൈത്രേയന്റെ തീരുമാനം.

ഇടയ്ക്കിടെ തീവണ്ടിപ്പാളത്തില്‍ വന്നിരിക്കുന്നുണ്ട് മൈത്രേയന്‍. ചിലപ്പോള്‍ പാളത്തില്‍ ചെവി ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു. ഒരിക്കലങ്ങനെയിരിക്കുമ്പോള്‍ തൊട്ടടുത്ത പാളത്തില്‍ക്കൂടി തീവണ്ടി കടന്നുപോകുന്നുമുണ്ട്.
ചായില്യം, അമീബ എന്നീ മികച്ച മലയാളചിത്രങ്ങളുടെ സാക്ഷാത്കാരകനായ മനോജ് കാനയാണ് (Manoj Kana
) കഖഗഘങ…യില്‍ മൈത്രേയനായി വരുന്നത്. അക്ഷരങ്ങളെ വാക്കുകളോടും വാക്കുകളെ വാക്യങ്ങളോടും ബന്ധിക്കുന്ന അര്‍ത്ഥത്തിന്റെ നൂലിഴ അറ്റുപോയ മൈത്രേയന്റെ ജീവിതത്തെ പ്രശംസാതീതമായ വൈദഗ്ദ്യത്തോടെയാണ് മനോജ് കാന തന്റെ നാട്യത്തിലേക്ക് ആവാഹിച്ചെടുത്തിട്ടുള്ളത്.
അച്ഛന്‍ ദീനം പിടിച്ചു കിടന്ന നാളില്‍ കാലന്‍ കെട്ടുമായി മൈത്രേയന്‍ നീങ്ങുന്ന ദൃശ്യത്തിലും ബാക്‌ഡ്രോപ്പില്‍ ഒരു തീവണ്ടി കുതിച്ചുപായുന്നുണ്ട്. ഒരസ്തമനദൃശ്യമായിരുന്നു അത്. ഒരു പകലിന്റെ മരണം.

മനോഹരമാണ് ദൃശ്യങ്ങൾ. ജലീൽ ബാദുഷയുടെ വിരുത് എത്ര സൂക്ഷ്മമായാണ് ദൃശ്യങ്ങളെ പരിചരിക്കുന്നത്. അസ്തമനസമയത്തെ മങ്ങൂഴം ചിലരിലെങ്കിലും ലഘുവായ ഒരു വിഷാദം സൃഷ്ടിക്കാറുണ്ട്. മരണത്തിന്റെ പ്രതീകമാണ് സന്ധ്യ.

ഷെറിയുടെ സിനിമയിൽ തീവണ്ടിയും മരണത്തിന്റെ അടയാളം തന്നെ. മരണം കഖഗഘങ…യുടെ മുഖ്യപ്രമേയമാണ്. ദുര്‍മരണങ്ങൾക്ക് വിധേയമാകുന്ന ആത്മാക്കൾക്ക് ശാന്തി കിട്ടുന്നതിനായി കാലൻ കെട്ട് നടത്തുന്ന കരിംകാലനാണ് മൈത്രേയന്റെ അപ്പൻ (കോക്കാട് നാരായണൻ). കാലനെ ഊട്ടാണ്ട് ചാവെടുത്താൽ മരണോം മാരീം തീരില്ലെന്ന് വിശ്വാസം.

തന്റെ ആദ്യസിനിമയായ ആദിമധ്യാന്തത്തിലും ഷെറി മരണത്തെ അടയാളപ്പെടുത്തുന്നുണ്ട്. ശരിക്കും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തെയാണ് ആ ചിത്രം രേഖപ്പെടുത്തുന്നത്. പ്രസവത്തിൽത്തന്നെ മരിച്ചുപോയ വാവയുടെ കുഴിമാടത്തിൽ മാന്തുകയാണ് ആദിമധ്യാന്തത്തിലെ ഏകൻ എന്ന, ബധിരനായ കുട്ടി. കുഴിമാടം മാന്തിയ ഏകന് അതിൽ നിന്നും കിട്ടിയത് ജീവനുള്ള ഒരു പൂമ്പാറ്റയെ. അതങ്ങനെ ഉയരത്തിലേക്ക് പറന്നുപറന്ന്…

ഓരോ മരണത്തിനും ജീവിതത്തിന്റേതായ ഒരു തുടർച്ചയുണ്ട്. കൊല്ലാൻ വന്നയാളെ പറ്റിച്ച് രക്ഷപ്പെട്ട് മരത്തിൽ കയറിക്കൂടിയ ബെര്‍ഗ്മാൻ കഥാപാത്രം (സെവൻത് സീൽ) ഞെട്ടലോടെ തിരിച്ചറിയുന്നത് മരണം താൻ ഇരുന്ന മരത്തെ വെട്ടിവീഴ്ത്തുന്നതാണ്. എന്നാൽ മരത്തിന്റെയും യോനാസ് സ്‌കാറ്റിന്റെയും മരണത്തെത്തുടർന്ന് നാം കാണുന്നത് മുറിഞ്ഞുവീണ മരത്തിന്റെ കുറ്റിയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ചിലച്ചുകൊണ്ട് അതിശീഘ്രം ഓടുന്ന ഒരണ്ണാനെയാണ്.

കുഞ്ഞുവാവയുടെ കുഴിമാടത്തിൽ നിന്നും പുറപ്പെട്ടത് ഒരു പൂമ്പാറ്റയാണെങ്കിൽ തന്റെ ശവപ്പെട്ടിയിൽ നിന്നും ഒരുപാട് ശലഭങ്ങൾ വിരിയുമെന്നാണ് മൈത്രേയൻ അച്ഛനോട് പറയുന്നത്. ട്രെയിൻ വാനിഷിങ് ഉപേക്ഷിച്ച അയാൾ ഇപ്പോൾ റിസറക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഉസ്താദ് ചെയ്തിട്ടുണ്ട്. കുഴിച്ചിട്ട് മൂന്നാം നാൾ പെട്ടി തുറന്ന് ജീവനോടെ പുറത്തുവന്നിട്ടുണ്ട്. വിദേശത്താരോ ഒരാഴ്ച അങ്ങനെ കിടന്നിട്ടുണ്ടത്രേ. അതാണ് റെക്കോഡ്. അത് തകർക്കണം.

മൂന്നാം നാളല്ല, മുപ്പതീസം കഴിഞ്ഞേ തന്റെ കുഴി തുറക്കാവൂ. മുപ്പത് ദിവസമെന്നത് ആരാലും ഒരിക്കലും തകര്‍ക്കാൻ പറ്റാത്ത റെക്കോഡാണ്.

മാജിക്കും ലോകവും ഉള്ളേടത്തോളം കാലം മജീഷ്യൻ മൈത്രേയന്റെ പേര് ആകാശത്തിൽ നിലനില്‍ക്കും.

ഭാര്യയുടെയും മക്കളുടെയും പിന്നെ ഉസ്താദിന്റെയും ഫോട്ടോകൾ മാത്രം താൻ എടുക്കും എന്ന് അപ്പനോട് പറയുന്ന മൈത്രേയൻ പെട്ടി തുറക്കുമ്പോൾ, പൂമ്പാറ്റകൾ പാറുമ്പോൾ, പൂമ്പാറ്റക്ക് ചിറക് മുളക്ക്‌ണേന് മുമ്പുള്ള ഒരു ഉമ്മണാച്ചിപ്പുഴുക്കുഞ്ഞിനെക്കണ്ടാ, അട്പ്പിച്ചൊരുപാട് നേരം നോക്കിനിക്കണം അപ്പൻ എന്ന് കൂട്ടിച്ചേർക്കുന്നു.

സ്വയം നഷ്ടപ്പെട്ട മൈത്രേയൻ തന്നെത്തന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇന്ദ്രജാലത്തിലൂടെ നടത്തുന്നത്. നിലനിൽക്കാനുള്ള ജീവന്റെ ത്വര. അതേസമയം തന്നെ അയാൾക്ക് മുന്നിൽ മറ്റൊരു ലോകവുമുണ്ട്. അത് മരണത്തിന്റെ ലോകമാണ്. ഒരിക്കൽ കരിംകാലൻ തെയ്യത്തിന്റെ കിരീടവും വടിയും ധരിച്ച് അയാൾ അപ്പനോട്, അപ്പന് വയ്യാണ്ടായില്ലേ, ഈ കാലൻ കെട്ടിനുള്ള അവകാശം ഇനി എനക്ക് തന്നൂടേ എന്ന് ചോദിക്കുന്നുണ്ട്.

അവകോശോ എന്ന് കരിംകാലൻ അമ്പരക്കുന്നു. ഈ കെട്ടും ചാവുമൊക്കെ തന്നോട് കൂടി തീരണം എന്നാണ് അയാളുടെ നിലപാട്.

ഭൂതകാലത്തെപ്പറ്റി മങ്ങിയ ഓര്‍മകൾ മാത്രമേയുള്ളൂ മൈത്രേയന്. ആ ഓർമകളിലൂടെ ചലച്ചിത്രകാരൻ നമ്മളെ കൊണ്ടുപോകുന്നതാകട്ടെ, ആരോഹണാവരോഹണക്രമങ്ങളോ നാളുകളോ അക്കങ്ങളോ ഒന്നും പരിഗണിക്കാതെയാണ്. ഒരു നോൺ ലിനിയർ ആഖ്യാനം. ഒരു നിലക്ക് മൈത്രയന്റെ ജീവിതം തന്നെ അങ്ങനെയാണ്. പൊട്ടിയ കണ്ണാടിയും പൊട്ടിയ ക്ലോക്കും കാണുന്നുണ്ട് ഒരു ഫ്രെയിമിൽ. മുയൽക്കൂട്ടിലെ ഉറുമ്പുകളെ ഓടിക്കാൻ കത്തിച്ചിടാൻ വേണ്ടി ‘കള്ളാസ്’ കിട്ടാഞ്ഞപ്പം ചൊമരിലെ കലണ്ടറെടുത്താണ് അയാൾ കത്തിക്കുന്നത്.
കാലത്തിലും കലണ്ടറിലുമൊക്കെ ഇനിയെന്ത് കാര്യം എന്ന് അയാളുടെ ന്യായീകരണം.

അമ്മയുടെയും പെങ്ങളുടെയും മരണം അയാള്‍ക്കൊരോർമ മാത്രമാണ്. വിഭ്രാന്തമായ അയാളുടെ മനസ്സ് ആ മരണങ്ങളുടെ ഉത്തരവാദിത്തം കരിംകാലനിൽ ചാർത്തുന്നുമുണ്ട്. പിന്നെ, ലോകസഞ്ചാരം നടത്തിയ കാലം ഇരുളും ഭ്രാന്തും കലർന്നതാണ്. അതിനിടയിൽ ദാരിദ്ര്യവും ഭാര്യയുടെ ആത്മഹത്യയും അയാളുടെ ഓർമകള്‍ക്ക് മേലും ഇരുൾ പടർത്തുന്നു. (കുട്ടികളെയും ഓൾ കൊണ്ടോയി തീവണ്ടിക്ക് ചാടിച്ചു). പിന്നെ പോലീസും ഭ്രാന്താശുപത്രിയും.

നിലനിൽക്കാൻ അയാളെ പ്രേരിപ്പിക്കുന്നതാകട്ടെ, ജാലവിദ്യയോടുള്ള ഭ്രമവും. ഉസ്താദ് ഒരഭിനിവേശമായി അയാളിൽ നിറയുന്നതങ്ങനെയാണ്. അയാൾ ടേപ്പ് റിക്കാഡറിൽ എപ്പോഴും ഉസ്താദിന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നു.

ഉസ്താദ് പറയുന്നതിൽ എപ്പളുമൊന്നും ഭാഷയുണ്ടാവൂല. പക്ഷേ, ഉള്ള ഭാഷയെക്കാളും ഉറപ്പും കാര്യവും ഉസ്താദിന്റെ ഇല്ലാത്ത ഭാഷക്കുണ്ടായിരുന്നു.

ഇന്ദ്രജാലപ്രകടനത്തിന്റെ (ഒടുവിൽ റിസറക്ഷന്റെയും) പോസ്റ്ററെഴുതുമ്പോൾ അതിന്റെ തലക്കെട്ടിലും പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങൾ മാത്രം. കളമരവഢജവസ.. എന്നിങ്ങനെ. വീട്ടുചുമരിന്മേലും അയാൾ ക്രമമില്ലാതെ അക്ഷരങ്ങൾ എഴുതിവെക്കുന്നു, അല്ല വരച്ചുവെക്കുന്നു.

ഇന്ദ്രജാലം കഴിഞ്ഞാൽ അയാൾ ചെയ്യുന്ന ജോലി ഒരു ബുക്കിൽ എന്തൊക്കെയോ കുറിച്ചിടുക എന്നതാണ്. ആത്മകഥ എന്നാണ് അയാൾ പറയുന്നത്. അതിലും ശിഥിലമായിക്കിടക്കുന്ന കുറേ അക്ഷരങ്ങളും പിന്നെ കുറേ ചിത്രങ്ങളും മാത്രം.

മുഴുമിപ്പിക്കാനായില്ല എന്ന് ആത്മകഥ മറിച്ചു നോക്കിക്കൊണ്ട് അയാൾ പറയുന്നുണ്ട്. അയാളുടെ ജീവിതത്തെക്കുറിച്ചാവാം. ഭ്രാന്താശുപത്രിയിലെ എണ്ണമോര്‍മയില്ലാത്ത കുറേ നാളുകൾ മാഞ്ഞു തേഞ്ഞുപോയി. ബാക്കിയുള്ള തീരെ കുറച്ചോർമകൾ, അതേലും മറന്നുപോകാണ്ടിരിക്കാൻ വേണ്ടിയാണ് വരക്കാനും കുറിക്കാനും വെറ്‌തെ തുടങ്ങിയത്. രാവേതാ പകലേതാ, നേരേതാ മായേതാ, വന്നോരാരാ പോയോരാരാ.

ആത്മസുഹൃത്തായ അന്തുവിനോടൊത്തുള്ള നേരങ്ങളിൽ കരിംകാലനും അത് പറയുന്നുണ്ട്. വന്നുവന്ന് രാവേതാ പകലേതാ, നേരേതാ മായേതാ ന്നറിയാണ്ടായി. വന്നോരാരാ പോയോരാരാ, ഇരുട്ടേതാ വെളിച്ചേതാ.

അന്തുവിന്റെ (കെ.കെ) പൂച്ചകൾ ജീവന്റെ സാന്നിധ്യമായി സിനിമയിലുടനീളം ഓടിനടക്കുന്നു. അന്തുവിന്റെ പൂച്ചകൾക്കെല്ലാം പേരുകളുണ്ട്. ഗോയിന്ദൻ, മമ്മദ്, ബീപാത്തു, മാധവി, തൊമ്മൻ എന്നിങ്ങനെ.

ഒരു മാജിക്കൽ റിയലിസ്റ്റിക് ലോകത്തെയാണ് ഷെറി സൃഷ്ടിക്കുന്നത്. അര്‍ത്ഥങ്ങളെ അപനിർമിക്കാനുള്ള ശ്രമത്തിൽ സംഭവങ്ങൾക്ക് ക്രമം മാത്രമല്ല, കാര്യകാരണബന്ധങ്ങളുടേതായ യാതൊരു പ്രതലത്തെയും സിനിമ സ്വീകരിച്ചിട്ടില്ല. non sequitur എന്ന് പറയാം. നായികയും നായകനും പ്രണയവും വിരഹവുമില്ല. സംഭവങ്ങൾക്കും ആശയങ്ങൾക്കും നാം നൽകുന്ന ഘടനകളുടെയും അർത്ഥങ്ങളുടെയും അസാന്നിധ്യത്തെ ചിത്രീകരിക്കുന്വോഴും അവയെയൊന്നിനെയും ബോധപൂർവം നിരാകരിക്കുന്നുമില്ല.

നാം വരക്കുന്ന കള്ളികൾക്കും കൽപിക്കുന്ന അർത്ഥങ്ങള്‍ക്കും പുറത്തും ജീവിതമുണ്ട് എന്ന കാഴ്ചയാണിത്.

ഒരുപക്ഷേ പുറത്താണ്, പുറത്ത് തന്നെയാണ് യഥാർത്ഥ ജീവിതമുള്ളത് എന്ന സത്യം.

അക്ഷരങ്ങളും വാക്കുകളുമൊക്കെ അവിടെ കേവലം കോറിവരക്കപ്പെട്ട ചിത്രങ്ങളോ അർത്ഥമില്ലാത്ത ശബ്ദങ്ങളോ ആയി മാറുന്നു.

ജീവിതമുള്ളേടത്തല്ലേ മരണവും ഉണ്ടാവൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s